കനത്തമഴയില്‍ ഒഴുക്കില്‍പ്പെട്ട് ആന; ചാലക്കുടി പുഴയില്‍ കുടുങ്ങി കിടക്കുന്നു

കനത്തമഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ആന. കലക്കവെള്ളവുമായി കുത്തിയൊഴുകുന്ന പുഴയില്‍ നിന്ന് കരകയറാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. പിള്ളപ്പാറ മേഖലയിലാണ് സംഭവം.

ഏറെ നേരം കുടുങ്ങിക്കിടന്ന ഒടുവില്‍ സ്വയം നീന്തിക്കയറുകയായിരുന്നു. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഇന്നലെ രാത്രി ഒരുമണിയോടെ പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങല്‍ക്കുത്തിലേയ്ക്ക് തുറന്നു വിട്ടു. പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നുവിട്ടത്‌നെ തുടര്‍ന്നാണ് ഒഴുക്ക് കൂടിയത്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.