ഇഡിയുടെ രാഷ്ട്രീക്കളി നിയമപരവും രാഷ്ട്രീയമായും പ്രതിരോധിക്കും; മസാലബോണ്ട് വാങ്ങിയത് റിസര്‍വ് ബാങ്ക് അനുമതിയോടെ; ചെറുത്ത് നില്‍പ്പ് തുടരുമെന്ന് ഐസക്ക്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീക്കളി നിയപരവും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്ന് സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക്. റിസര്‍വ് ബാങ്ക് അനുമതിയോടെ വാങ്ങിയതാണ് മസാലബോണ്ട്. അതിന്റെ പണം എന്തിനു ചെലവിട്ടു എന്നത് വാങ്ങിയ സമയം മുതല്‍ ഈ വായ്പ പൂര്‍ണ്ണമായും തിരിച്ചടച്ച ഇക്കഴിഞ്ഞ മാര്‍ച്ച് മാസം വരെ മാസം തോറും ഓഡിറ്റ് ചെയ്ത കണക്കുകള്‍ റിസര്‍വ് ബാങ്കിന് കൊടുത്തിട്ടുണ്ട്, ഇതിന്റെ വിനിയോഗത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു അവര്‍ പറഞ്ഞോ? ഇല്ല എന്നു മാത്രമല്ല, അവര്‍ അനുമതി തന്നു എന്നും കണക്കു കിട്ടുന്നുണ്ട് എന്നും കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു. കിഫ്ബി മാത്രമല്ല മസാല ബോണ്ട് വഴി പണം സമാഹരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ അടക്കം മറ്റു പലരും മസാലാബോണ്ട് ഇറക്കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ കോടതി തന്നെ ചോദിച്ചു, മസാലാബോണ്ട് ഇറക്കിയ മറ്റ് ഏജന്‍സികള്‍ക്കെതിരെ അന്വേഷണം എന്തെങ്കിലും ഇഡി നടത്തുന്നുണ്ടോ എന്ന്. ഇതേ വരെ കമാന്നു മിണ്ടിയിട്ടില്ലെന്ന് ഐസക്ക് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ തന്ന സമന്‍സുകള്‍ ഞാന്‍ ചോദ്യം ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇഡി എല്ലാം പിന്‍വലിച്ചു. അപ്പോള്‍ ഏതാണ്ട് പന്ത്രണ്ടോളം കാര്യങ്ങളാണ് ഇഡി ചോദിച്ചിരുന്നത്. ഒട്ടുമുക്കാലും പൊതു രേഖകള്‍. പലതും എന്റെ കുട്ടികളുടെയടക്കം വിവരങ്ങള്‍. മന്ത്രിയായിരിക്കെ ആ പദവിയില്‍ പല കമ്പനികളുടെയും ഡയറക്ടര്‍ ആകും. ഉദാഹരണത്തിന് കൊച്ചിന്‍ എയര്‍ പോര്‍ട്ട്. ഇവയുടെയെല്ലാം കണക്ക്പുസ്തകങ്ങള്‍, പത്തു കൊല്ലത്തെ എന്റെ യാത്രയുടെയും ബാങ്ക് കണക്കുകളുടെയും രേഖകള്‍, ഇങ്ങനെ പത്തു പതിമൂന്നു കൂട്ടം. മസാലാ ബോണ്ട് ഇറക്കിയത് 2019ലാണ്. എന്തിനാണ് പിന്നെ പത്തു കൊല്ലത്തെ കണക്കുകള്‍? ഇന്‍കം ടാക്‌സ് വകുപ്പില്‍ ഫയല്‍ ചെയ്ത പൊതു രേഖയായി ആര്‍ക്കും എടുക്കാവുന്ന ഈ കടലാസുകളും കൊണ്ട് ഞാന്‍ ചെല്ലണം എന്നു പറയുന്നതെന്തിനാണ്? ഈ തര്‍ക്കങ്ങളുടെ ഒടുവില്‍ മറുപടിയില്ലാതെ ഇഡി സമണ്‍സ് പിന്‍വലിച്ചു.

അടുത്ത ഘട്ടം സമന്‍സുകള്‍ വന്നു തുടങ്ങിയപ്പോള്‍ ആവശ്യങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. ഒന്ന് എന്റെ തിരിച്ചറിയല്‍ കാര്‍ഡാണ്. മസാലാ ബോണ്ട് ഇറക്കാന്‍ തീരുമാനിച്ചത്തില്‍ എന്റെ പങ്ക് എന്താണ്? ആ പണം ചെലവിട്ടത്തില്‍ എന്റെ പങ്കെത്ര? മറ്റു രണ്ടു കാര്യങ്ങള്‍ ഇവയായിരുന്നു. മസാലാ ബോണ്ട് ഇറക്കുന്നത് എന്തോ മഹാപരാധമാണ് എന്ന ആഖ്യാനം ഉണ്ടാക്കാനായിരിക്കണം ബോണ്ട് ഇറക്കിയത്തില്‍ എന്റെ പങ്കെന്ത് എന്ന ചോദ്യം ഉന്നയിച്ചത്. ആര്‍ബിഐ അനുമതിയുടെ പശ്ചാത്തലത്തില്‍ ഇതു നിലനില്‍ക്കില്ല എന്നതു കൊണ്ടായിരിക്കും ഒടുവില്‍ തന്ന സമന്‍സില്‍ അതും പോയി.

ഒറ്റക്കാര്യമേ ഇപ്പോള്‍ ചോദിക്കുന്നുള്ളൂ. മസാലാ ബോണ്ട് പണം ചെലവിട്ടതെങ്ങനെ? ഇതിനെയും ഞാന്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഇഡിയുടെ അന്വേഷണ അധികാരം തന്നെയാണ് ഞാന്‍ ചോദ്യം ചെയ്തിട്ടുള്ളത്. അതു കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ തുടരെ സമന്‍സ് അയയ്ക്കുന്നത് ദുരൂപതിഷ്ട്ടിതമാണ്. അതു തടയണം. ഇതാണ് കേസ്. കോടതി വിശദീകരണം ചോദിച്ചു. രണ്ടു വട്ടം അവര്‍ മാറ്റി വെച്ചിട്ട് ഒടുവില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചു. കിഫ്ബി ഉദ്യോഗസ്ഥര്‍ കൊടുത്ത സ്റ്റേറ്റ്‌മെന്റില്‍ തെറ്റായ വഴിയില്‍ മസാലബോണ്ട് പണം വിനിയോഗിച്ചു എന്ന സൂചനകളുണ്ട്. അതു തോമസ് ഐസക്കിന്റെ അറിവോടെയാണ്. അതുകൊണ്ട് തോമസ് ഐസക്കില്‍ നിന്നും മൊഴി എടുക്കണം. ഇതാണ് അവസാനം ചെയ്ത കാര്യം.

കിഫ്ബിയുടെ വായ്പാ സ്രോതസ് പലതാണ്. ഓരോ പദ്ധതിയും ഏതു വായ്പാ പണത്തില്‍ നിന്നും ഫിനാന്‍സ് ചെയ്യണം എന്നു തീരുമാനിക്കുന്നത് ഭരണസമിതികളല്ല. കിഫ്ബി പ്രൊഫഷണലായി മാത്രം തീരുമാനിക്കുന്നതാണ്. അതില്‍ ഐസക്കിന്റെയോ ഭരണസമിതികളുടേയോ അനുമതി ആവശ്യവുമില്ല, അത്തരം ഇടപെടല്‍ ഉണ്ടായിട്ടുമില്ല. കിഫ്ബി ഉദ്യോഗസ്ഥര്‍ അങ്ങനെ പറഞ്ഞു എന്നത് അവാസ്തവമാണ്. കിഫ്ബി പുലര്‍ത്തുന്ന പ്രൊഫഷണല്‍ മൂല്യങ്ങളെയും വിശ്വാസ്യതയേയും ബാധിക്കുന്നതാണ് ഇഡിയുടെ അവാസ്തവ പ്രസ്താവന. അതിനാലാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഇക്കാര്യം ബോധിപ്പിക്കുന്നത്. കിഫ്ബി ഇത്തരത്തില്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കിഫ്ബിയോ ഉദ്യോഗസ്ഥരോ പറയാത്ത മൊഴിയുടെ പേരില്‍ അനാവശ്യമായി , ഈ തെരെഞ്ഞെടുപ്പു കാലത്തു നാടകം കളിക്കുകയാണ് ഇഡി ചെയ്യുന്നത്.

വിശദമായ വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച കേള്‍ക്കും. അതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി. അതായത് ലാസ്റ്റ് ചാന്‍സ് കോടതി എടുത്തു മാറ്റി.
രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയുള്ള ഈ അഭ്യാസങ്ങള്‍ക്ക് ചുമ്മാ വഴങ്ങില്ല. എന്തിനു വിളിപ്പിക്കുന്നു എന്നത് സത്യസന്ധമായി പറയട്ടെ. അപ്പോള്‍ പോകും. ഇമ്മാതിരി നുണകള്‍ വെച്ചുള്ള കളി നിയമ വഴിയിലൂടെ പ്രതിരോധിക്കുമെന്നും ഐസക്ക് പറഞ്ഞു.