സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; പ്രതിഷേധിച്ച് പ്രവർത്തകർ

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇ.ഡി. റെയ്ഡ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വീടിന് മുന്നില്‍ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ രാവിലെയെത്തിയാണ് ഒരു സംഘം ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഈ സമയത്ത് വീട്ടിൽ അഷ്റഫ് ഉണ്ടായിരുന്നില്ല. ഇ.ഡി പരിശോധനക്കെതിരെ സ്ഥലത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ മാർച്ച് നടത്തി. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കടുത്ത പൊലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിയത്.

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്റ് റസാഖ് കുറ്റിക്കാടന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇ.ഡി റെയ്ഡിനിടെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റസാഖിന്റെ വീട്ടിൽ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂർത്തിയാക്കി.

ഡല്‍ഹി കലാപത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന,ദേശീയ നേതാക്കളുടെ വീടുകളില്‍ ഇ.ഡി. സംഘം നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളുടെ തുടര്‍ച്ചയായാണ് കൂടുതല്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ബുധനാഴ്ച റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ റെയ്‌ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.