ദുൽഖറിന്റെ വേഫെറർ കമ്പനിയിലേക്കും ഇഡി റെയ്ഡ്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

നടൻ ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെററിലേക്കും റെയ്ഡ് വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. എട്ട് ഉദ്യോഗസ്ഥർ ചെന്നൈ ഗ്രീൻ റോഡിലെ ഓഫീസിലെത്തി. നിർമ്മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് ഇഡി. ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകൾ ഉൾപ്പെടെ നിർമ്മിച്ച പ്രോഡക്ടഷൻ കമ്പനിയാണ് ദുൽഖറിന്റെ വേഫെറർ ഫിലിംസ്.

ഇന്ന് രാവിലെ മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ കൊച്ചിയിലെ വീടുകളിൽ ഇഡി ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലേക്കും പരിശോധന വ്യാപിപ്പിച്ചത്. ഒരേസമയം 17 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു.

ദുൽഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്.

Read more

നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. അടിമാലിയിലും ഇ ഡി എത്തി. ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസർ ശിൽപ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസർ കാറാണ് പരിശോധിക്കുന്നത്. മെക്കാനിക്കൽ ജോലികൾക്കായാണ് വാഹനം അടിമാലിയിലെ ഗ്യാരേജിൽ എത്തിച്ചത്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം.