മത, ജാതിസംവരണങ്ങളല്ല വേണ്ടത്; രാജ്യത്ത് നടപ്പാക്കേണ്ടത് സാമ്പത്തിക സംവരണം; മൂന്ന് എം.പിമാരുടെ കേസുകള്‍ നേരിടാന്‍ എന്‍.എസ്.എസിന് കഴിയുമെന്ന് സുകുമാരന്‍ നായര്‍

രാജ്യത്തെ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി പോരാട്ടത്തിന് ഇറങ്ങുണെമെന്ന് എന്‍എസ്എസ്. സാമ്പത്തിക സംവരണം നടപ്പാക്കണമെന്നത് മന്നത്തു പത്മനാഭന്റെ പ്രഖ്യാപനമാണ്. ഇതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. മത, ജാതി സംവരണങ്ങളല്ല വേണ്ടത്, സാമ്പത്തിക സംവരണമാണ് രാജ്യത്താവശ്യം. ഏതു ജാതിയിലുള്ളവര്‍ ആയാലും സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാകണം സംവരണം ലഭിക്കേണ്ടത്.

ഇപ്പോള്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന 10 ശതമാനം സാമ്പത്തിക സംവരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. അതു വിലപ്പോകില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ 3 എംപിമാര്‍ പരസ്യമായി എതിര്‍ത്തു. അത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ 10 ശതമാനം പോലും നമുക്ക് അവകാശപ്പെട്ടതല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ഉള്‍പ്പെടുന്ന സംഘം ശ്രമിക്കുകയും റിവ്യൂ പെറ്റീഷനുമായി മുന്‍പോട്ടു പോകുകയുമാണ്. അതിനെ കാര്യമാക്കുന്നില്ല. കേസുകള്‍ വന്നാല്‍ കോടതിയില്‍ നേരിടാന്‍ എന്‍എസ്എസിന് കഴിയും. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാകണം എന്ന നിലപാട് ആവര്‍ത്തിച്ചു പറയാനും ഇതാണ് കാരണം.

വിഷയത്തെക്കുറിച്ചു പറയാന്‍ എന്‍എസ്എസിന് അവകാശമില്ല എന്നാണ് റിവ്യൂ പെറ്റീഷനു നീക്കം നടത്തുന്നവര്‍ ഇതിനോടു പ്രതികരിച്ചത്. ഇത്തരം ധാര്‍ഷ്ട്യം അംഗീകരിച്ചു കൊടുക്കാന്‍ പാടില്ല. സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.