‘ഹൃദയപൂർവ്വം’ ഡി.വൈ.എഫ്‌.ഐ; മെഡിക്കൽ കോളജിൽ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കം

കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന ‘ഹൃദയപൂർവ്വം‘ പദ്ധതിക്ക് തുടക്കമായി.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ റഹീം നിർവഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ തുടങ്ങിയവർ സന്നിഹിതരായി.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി വി. വസീഫ് സ്വാഗതവും ട്രഷറർ പി.സി. ഷൈജു നന്ദിയും പറഞ്ഞു.

കോഴിക്കോട് സൗത്ത് ബ്ലോക്കിലെ ചെലവൂർ മേഖലയാണ് ഒന്നാം ദിവസത്തെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തത്. വീടുകളിലെത്തി ഭക്ഷണം ശേഖരിക്കുന്ന പരിപാടിക്ക്‌ ജില്ലാ സെക്രട്ടറി വി. വസീഫ് തുടക്കം കുറിച്ചു.

മേഖലാ കമ്മറ്റികൾക്ക് കീഴിൽ വീടുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിച്ചോറ് ആശുപത്രിയിലെത്തിക്കുക. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴിൽ ദിവസവും അഞ്ഞൂറോളം വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്യും.

മെഡിക്കൽ കോളേജിൽ നേരത്തെ ലോക്ഡൗൺ ദിവസങ്ങളിൽ ഡി.വൈ.എഫ്.ഐ ഭക്ഷണ വിതരണം നടത്തിയിരുന്നെങ്കിലും ആദ്യമായാണ് സ്ഥിരം പദ്ധതി ഒരുങ്ങുന്നത്.