പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

വ്യാപക പ്രതിഷേധങ്ങള്‍ക്കിടയില്‍ തിരുവനന്തപുരത്ത് പൊലീസ് സംരക്ഷണയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരെ സമരക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് കാവലില്‍ ടെസ്റ്റ് നടന്നു. മൂന്ന് പേരാണ് ഇന്ന് നടന്ന ടെസ്റ്റിനെത്തിയത്. രണ്ടുപേര്‍ ഇരുചക്ര വാഹന ടെസ്റ്റിനും ഒരാള്‍ കാറിന്റെ ടെസ്റ്റിനുമാണെത്തിയത്.

ടെസ്റ്റിനെത്തിയ മൂവരെയും സമരക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് പ്രതിഷേധക്കാരെ തള്ളി മാറ്റിയാണ് ഇവരെ ഗ്രൗണ്ടിലേക്ക് കടത്തിവിട്ടത്. എന്നാല്‍ ടെസ്റ്റില്‍ മൂവരും പരാജയപ്പെട്ടു. ഇതോടെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചും കയ്യടിച്ചും ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് ആദ്യ ടെസ്റ്റാണ് ഇന്ന് നടന്നത്.

Read more

ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. സംസ്ഥാനത്ത് നിരവധി ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഇന്ന് ടെസ്റ്റ് മുടങ്ങിയിരുന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത സമര സമിതി സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തി.