പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു. രണ്ടു ദിവസത്തിനിടെ ഏഴു കേസുകളാണ് ആലപ്പുഴ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത്. നിയമംലംഘിച്ചതായി കാണിച്ച് വാട്‌സാപ്പിൽ എത്തിയ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്.
വാഹനം നിയമലംഘനത്തിൽപ്പെട്ടിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നും സൂചിപ്പിച്ചുള്ള വാട്‌സാപ്പ് സന്ദേശമാണ് വാഹന ഉടമകൾക്ക് ലഭിക്കുക. വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനുള്ള പിഴ, ചലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയാണ് സന്ദേശം വരുന്നത്. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയാനും തെളിവുകൾ കാണാനും താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യാനും പറയും. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പണം പോകും.
ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ആകും. ഈ ആപ്പിന്റെ സഹായത്തോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകും. പിന്നീട് ബാങ്ക് നൽകുന്ന ഒടിപി പോലും ആവശ്യമില്ലാതെ അക്കൗണ്ടിൽനിന്നു പണം ചോർത്താൻ ഇവർക്ക് സാധിക്കും.
വാഹനം നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാൻ കാണിച്ച് സാധാരണ സന്ദേശമാണ് ഫോണിൽ വരിക. സന്ദേശങ്ങളിൽ സംശയം തോന്നിയാൽ പോലീസുമായോ മോട്ടോർ വാഹന വകുപ്പുമായോ ബന്ധപ്പെടേണ്ടതാണ്. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഫോണിലെ സെറ്റിങ്‌സുകൾ ഏതുതരം ആപ്പുകളെയും സ്വീകരിക്കുന്ന രീതിയിൽ നിന്ന് മാറ്റി ക്രമീകരിക്കേണ്ടതാണ്.







