വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുത് മദ്യവില്പനയില്‍ നിന്ന് സര്‍ക്കാരിന് വലിയ വരുമാനം ഒന്നുമില്ല; മാധ്യമങ്ങളോട് കെ.എസ് അരുണ്‍കുമാര്‍

സംസ്ഥാന സര്‍ക്കാരിന് മദ്യത്തില്‍ നിന്ന് ആകെ ലഭിക്കുന്നത് നാല് ശതമാനം വരുമാനം മാത്രമാണെന്ന് സിപിഐഎം എറണാകുളം ജില്ല കമ്മിറ്റി അംഗം കെഎസ് അരുണ്‍കുമാര്‍. റെക്കോര്‍ഡ് മദ്യവില്‍പ്പന എന്ന വാര്‍ത്ത വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ഉള്ളത് കേരളത്തില്‍ അല്ലെന്നും അരുണ്‍കുമാര്‍ ചൂണ്ടിക്കാണിച്ചു.

ഓണത്തിന് എല്ലാ സാധനങ്ങള്‍ക്കും റെക്കോര്‍ഡ് വില്‍പ്പനയായിരിക്കും. എന്നാല്‍ ഇതില്‍ മദ്യവില്‍പ്പന മാത്രമായിരിക്കും മാധ്യമങ്ങളിലെ വാര്‍ത്തയെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

എല്ലാ ഓണവും കഴിഞ്ഞാല്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ആചാരം പോലെ കൊടുക്കുന്ന ഒരു വാര്‍ത്തയാണ് കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന എന്ന്! ഈ വാര്‍ത്ത ശരിക്കും മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഒന്നല്ലേ? കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഉല്‍സവം ആയത് കൊണ്ട് തന്നെ എല്ലാ സാധനങ്ങള്‍ക്കും റെക്കോര്‍ഡ് വില്‍പ്പന തനെ ആണ് ഉണ്ടാവുക. വസ്ത്രങ്ങള്‍ , ഗൃഹോപകരണങ്ങള്‍, പച്ചക്കറികള്‍ , മല്‍സ്യം , മാംസം , പൂക്കള്‍ , പലവ്യഞ്ജനങ്ങള്‍,…… തുടങ്ങിയവയ്ക്ക് കഴിഞ്ഞ മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 100 % ല്‍ അധികം വര്‍ദ്ധനവ് ഈ മാസം ഉണ്ടാവും. അത് പോലെ ഒന്ന് മാത്രം ആണ് മദ്യവും. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ മദ്യത്തെ മാത്രം വാര്‍ത്തയാക്കും.

ഈ പറയുന്ന മാധ്യമങ്ങളുടെ കഴിഞ്ഞ ഒരു മാസത്തെ പരസ്യത്തില്‍ ഉണ്ടായ വര്‍ദ്ധനവ് മാത്രം നോക്കിയാല്‍ മനസിലാവും ജനങ്ങള്‍ എന്തൊക്കെ വാങ്ങിയിട്ടുണ്ടാവും എന്ന്. പത്രത്തില്‍ വാര്‍ത്തയേക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ കൊടുത്തിട്ടും മദ്യത്തില്‍ മാത്രം റെക്കോര്‍ഡ് വില്‍പ്പന എന്ന വാര്‍ത്ത കൊടുക്കുന്നത് നിങ്ങളുടെ വായനക്കാരെ തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതേ പോലെ മാധ്യമങ്ങള്‍ പറയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നത് കേരളത്തിലാണോ, അല്ല എന്നാണ് ഉത്തരം,

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ഉള്ളത് കേരളത്തിലാണോ? അല്ലേ അല്ല , കേരളത്തില്‍ 1.12 ലക്ഷം ജനങ്ങള്‍ക്ക് ഒരു മദ്യശാല എന്ന രീതിയില്‍ ആണ് ഉള്ളത് , നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് ഇത് 7800 പേര്‍ക്ക് ഒരു മദ്യശാല എന്ന രീതിയിലാണ്. തമിഴ്നാട്ടില്‍ 12000 പേര്‍ക്ക് ഒരു മദ്യശാല എന്ന രീതിയിലും. അപ്പോള്‍ മദ്യശാലകളുടെ എണ്ണത്തില്‍ നമ്മള്‍ ബഹുദൂരം പിന്നില്‍ ആണ്. മനോരമ സര്‍ക്കാരിനെ കൊണ്ട് അശാസ്ത്രീയമായി ഒരിക്കല്‍ മദ്യനിരോധനത്തിലേക്ക് കേരളത്തെ എത്തിച്ചു, ഫലമായി കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു.