കോടിയേരി ചരിത്രം മറക്കരുത്; കെ വി തോമസിന്റെ കാര്യത്തില്‍ കെപിസിസി തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാല്‍

കെ വി തോമസിന്റെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സിയാണെന്ന് കെ.സി വേണുഗോപാല്‍. അച്ചടക്ക നടപടിയടക്കമുള്ള വിഷയങ്ങളില്‍ കെപിസിസിയാണ് തീരുമാനം എടുക്കേണ്ടത്. പ്രാദേശിക പ്രവര്‍ത്തകരുടെ വികാരത്തെ മാനിച്ച് എടുക്കുന്ന തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. കെപിസിസ ശിപാര്‍ശ വന്നാല്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും അദ്ദേഹം വിമര്‍ശിച്ചു. കരുണാകരന്‍ ക്ഷണിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ് ഗൗരിയമ്മയെ സിപിഎ പുറത്താക്കിയത്. എംവി രാഘവനൊപ്പം ചായകുടിച്ചതിനാണ് പി ബാലനെ പുറത്താക്കിയത്. കോടിയേരി ചരിത്രം മറക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് സിപിഎം. അവരാണ് കോണ്‍ഗ്രസിനോട് ജനാധിപത്യത്തെ കുറിച്ച് പറയുന്നതെന്നും വേണുഗോപാല്‍ പരിഹസിച്ചു. സിപിഎമ്മിന്റെ മുതിര്‍ന്ന് നേതാവ് ജി.സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ല. ഇക്കാര്യം സിപിഎം ചര്‍ച്ച ചെയ്യണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.