പട്ടാമ്പി സംസ്കൃത കോളജിലെ ഡിജെ; അധ്യാപകർക്ക് എതിരെയും കേസ്

പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് ഡി.ജെ പാർട്ടി നടന്ന സംഭവത്തിൽ അധ്യാപകർക്കെതിരെയും കേസെടുത്ത് പൊലീസ്. ഇന്നലെ രാവിലെയാണ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. അമ്പതിലേറെ പേർ പങ്കെടുക്കരുതെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം നിലനിൽക്കെയാണ് കോളജ് ഓഡിറ്റോറിയത്തിൽ 500-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി നടന്നത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രിൻസിപ്പലിന്റെ അറിവോടു കൂടിയാണ് ഡി ജെ പാർട്ടി നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഡി ജെ പാർട്ടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പാൾ പ്രതികരിച്ചു. കോവിഡ് കാരണം കോളജിൽ മറ്റു പരിപാടികളൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ഇക്കൊല്ലം കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷയിൽ കൾച്ചറൽ പ്രോഗ്രാമിനാണ് അനുമതി നൽകിയതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 100 പേർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകിയുള്ളുവെന്നാണ് പ്രിസിപ്പാളിന്റെ വിശദീകരണം. എന്നാൽ ഏകദേശം 500 ലധികം വരുന്ന വിദ്യാർത്ഥികൾ ഡിജെ പാർട്ടിയിൽ പങ്കെടുത്തു.

Read more

ഇന്നലത്തെ കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിലെ മാത്രം കോവിഡ് ടി പി ആർ 33.8% ആണ് . യാതൊരു സുരക്ഷാ മുൻകരുതലോ കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയായിരുന്നു ഡിജെ പാർട്ടി. നേരത്തേ പരിപാടിക്ക്​ അനുമതി നിഷേധിച്ചിരുന്നതായി​ പൊലീസ്​ പറഞ്ഞു. പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കെതിരെയാണ് കോവിഡ് നിയന്ത്രണ ലംഘനത്തിന് പൊലീസ് ​കേ​സെടുത്തത്.