സ്മാർട്ട്സിറ്റി റോഡിനെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത, ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി; പദ്ധതി പൊതുമരാമത്ത് വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് വിമർശനം

തിരുവനന്തപുരത്തെ സ്മാർട്ട്സിറ്റി റോഡിനെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. പണം ചെലവഴിച്ച പൊതുമരാമത്ത് വകുപ്പിനെ പൂർണമായി ഒഴിവാക്കിക്കൊണ്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ മുഴുവൻ ക്രെഡിറ്റും അടിച്ചെടുക്കാൻ ശ്രമിച്ചതീനി ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഇക്കാര്യത്തിൽ തദ്ദേശവകുപ്പിന് മന്ത്രി അതൃപ്തി നേരിട്ടറിയിച്ചതോടെ ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ട് നിന്നിരുന്നു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും പത്ര പരസ്യങ്ങളുമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനെ പ്രചാരണ ഫ്ലക്സ് ബോർഡുകളിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയോട് പരാതി അറിയിച്ചിരുന്നു. പണം ചെലവഴിച്ച തദ്ദേശവകുപ്പിനെ അവഗണിച്ചതിലാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നതെന്നാണ് സൂചന.

ആരോഗ്യപ്രശ്നങ്ങളാൽ അന്നേ ദിവസത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതെന്നാണ് സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. എം ബി രാജേഷും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്. സ്മാർട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകൾ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതിൽ ചെറിയ ജനരോഷമല്ല സർക്കാരും, കോർപ്പറേഷനും കേൾക്കേണ്ടിവന്നത്. മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തലസ്ഥാനത്തെ സ്മാർട്ട് റോഡുകൾ തയ്യാറായത്.

Read more