മാധ്യമ വിചാരണക്ക് എതിരായ ദിലീപിന്റെ ഹര്‍ജി; രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി.കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു.

മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജന വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ദിലീപ് നല്‍കിയ ഹര്‍ജി നിയമപരമായി നില നില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കോടതി ഡി.ജി.പി ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അതേ സമയം തുടരന്വേഷണം തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.