ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ.കെ.ജെ. റീന രണ്ടാം ദിവസവും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസില്‍ (ഡിഎച്ച്എസ്) എത്തി. സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനത്തുനിന്നു മാറില്ലെന്നാണ് താല്‍ക്കാലിക ചുമതലയുള്ള ഡോ.വി.മീനാക്ഷിയുടെ നിലപാട്. ഇന്നലെയും ഓഫിസിലെത്തിയെങ്കിലും റീനയ്ക്ക് സ്ഥാനമേറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ചുമതല ഒഴിഞ്ഞുനല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡോ.മീനാക്ഷി സ്ഥാനത്തു തുടരുന്നതെന്നാണു സൂചന. താന്‍ വന്നത് കോടതി ഉത്തരവ് പ്രകാരമാണെന്നു പറഞ്ഞ റീന ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണെന്നും കൂട്ടിച്ചേര്‍ത്തു. ആരും ഇല്ലാത്ത ആള്‍ക്ക് നീതിന്യായ സംവിധാനം ഉണ്ടാകുമെന്നും വകുപ്പിന്റെ യോഗങ്ങളിലേക്ക് തള്ളിക്കയറില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അതില്‍ കല്ലുകടിയാകാനില്ലെന്നും റീന പ്രതികരിച്ചു. ഒരുപാട് ജോലി ചെയ്തു തീര്‍ക്കാനുണ്ട്. എവിടെയിരുന്നാലും ജോലി ചെയ്യുമെന്നും റീന പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആസ്ഥാനത്ത് കസേരകളി തുടരുന്നത്തിനിടെ ഭരണം തുടങ്ങിയിട്ടുണ്ട് നിലവിലെ ഡയറക്ടര്‍ ഡോ. വി മീനാക്ഷി. വകുപ്പിലെ ദീര്‍ഘാവധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ടാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സര്‍ക്കുലര്‍. പനിക്കാല അടിയന്തിര സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഒ പിയില്‍ എത്തണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു. അഡീഷണല്‍ ഡയറക്ടര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുമാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ നടപടി സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയിട്ടുണ്ട്. ഡോ റീനയെ മാറ്റിയ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ സര്‍ക്കാര്‍ പറഞ്ഞു. ഡോ. റീനയുടെ ഡപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞിട്ടും എക്സ്റ്റന്‍ഷന്‍ ഇല്ലാതെയാണ് അവര്‍ പദവിയില്‍ തുടര്‍ന്നതെന്നും ഈ സാഹചര്യത്തിലാണ് പുതിയ നിയമനമെന്നുമാണ് അപ്പീലില്‍ പറയുന്നത്.
Read more
2026 ഫെബ്രുവരിയില്‍ ഡോ. കെ.ജെ. റീനയുടെ ഡപ്യൂട്ടേഷന്‍ കാലാവധി ഔദ്യോഗികമായി അവസാനിച്ചതാണെന്നും തുടര്‍ അനുമതി കൂടാതെയാണ് അവര്‍ പദവിയില്‍ തുടര്‍ന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എറണാകുളത്തെ തസ്തിക അപ്‌ഗ്രേഡ് ചെയ്ത ശേഷമാണ് അവരെ അവിടെ നിയമിച്ചതെന്നും സ്ഥലംമാറ്റം പൂര്‍ണമായും സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു. ഡപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥയെ മാറ്റി നിയമിക്കാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.







