വിധിയിൽ പൂർണതൃപ്തി; രൺജീത്ത് ശ്രീനിവാസൻ വധക്കേസ് അന്വേഷണസംഘത്തിന് റിവാർഡ് പ്രഖ്യാപിച്ച് ഡിജിപി

രൺജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ പൂർണ തൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്.കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി.

മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം.

ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.