ദേവസ്വം ബോര്‍ഡ് തൊഴില്‍ത്തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

ദേവസ്വം ബോര്‍ഡ് തൊഴില്‍ത്തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍. മാവേലിക്കര സ്വദേശി ദീപു ത്യാഗരാജനാണ് പിടിയിലായത്. ഒമാനില്‍ നിന്നെത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്.

ജോലി വാഗ്ദാനം ചെയ്ത് 39 പേരില്‍ നിന്ന് രണ്ടരക്കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന മാവേലിക്കര സ്വദേശികളായ സംഘമാണ് തട്ടിപ്പ് നടത്തിയത്. കോവിഡിന്റെ മറവിലായിരുന്നു തട്ടിപ്പിന്റെ തുടക്കം.

ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശിനിയ്ക്ക് വൈക്കം ക്ഷേത്രകലാപീഠത്തില്‍ പ്യൂണായി ജോലി നല്‍കാമെന്ന് പറഞ്ഞ് 3,14,000 രൂപ വാങ്ങിയതാണ് ആദ്യം സംഭവം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ലെറ്റര്‍ പാഡില്‍ ചെയര്‍മാന്റെ ഒപ്പോടുകൂടി വ്യാജ നിയമന ഉത്തരവും നല്‍കി.

ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ യുവതി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 39 പേര്‍ തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായത്.