ദീപുവിന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാം, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി. പ്രതികളുടെ ജാമ്യം പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് പാര്‍ട്ടി ബന്ധമുണ്ടെന്നും കേസ് പരിഗണിക്കുന്ന സെഷന്‍ ജഡ്ജില്‍ നിന്ന് നീതി കിട്ടില്ലെന്നും ദീപുവിന്റെ അച്ഛന്‍ ഹര്‍ജിയില്‍ പറഞ്ഞു.

ജഡ്ജിയുടെ അച്ഛന് പാര്‍ട്ടി ബന്ധമുണ്ട്, കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസോ മറ്റ് രേഖകളോ നല്‍കാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലെന്നും അതിനാല്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ജാമ്യാപേക്ഷുടെ പകര്‍പ്പ് ദീപുവിന്റെ അച്ഛന് നല്‍കാത്തതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ട്വന്റി20 ആഹ്വാനം ചെയ്ത വിളക്ക് അണയ്ക്കല്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ ആയിരുന്ന ദീപു ഫെബ്രുവരി 18നാണ് മരിച്ചത്.
പ്രതികളായ സൈനുദ്ദീന്‍, ബഷീര്‍, അബ്ദുല്‍ റഹ്‌മാന്‍, അസീസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ജാമ്യഹര്‍ജിയാണു സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.