ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം; ഉത്തരവാദി സി.പി.എമ്മെന്ന് വി.ഡി സതീശന്‍

എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചതില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദീപുവിനെ മര്‍ദ്ദിച്ചത് സിപിഎം നേതാക്കളുടെ മുന്നില്‍ വെച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരമായ മര്‍ദ്ദനമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉണ്ടായത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ദീപുവിനെ സിപിഎം കൊന്നതാണ്. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് ശേഷം സര്‍ക്കാരിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും ഉള്ള ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അവസാനത്തെ രക്തസാക്ഷിയാണ് ദീപുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് കിഴക്കമ്പലത്ത് വച്ച് ദീപുവിന് മര്‍ദ്ദനമേറ്റത്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ എം.എല്‍.എ ശ്രീനിജന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ട്വന്റി 20 വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കിഴക്കമ്പലം സ്വദേശികളായ പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇ്രവര്‍ ഇപ്പോള്‍ മുവാറ്റുപുഴ സബ് ജയിലിലില്‍ റിമാന്‍ഡിലാണ്.

കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയിക്ക് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍ തടസം നില്‍ക്കുന്നു എന്നായിരുന്നു. ട്വന്റി 20യുടെ ആരോപണം. ഇതിനെതിരെ രാത്രി ഏഴുമുതല്‍ പതിനഞ്ച് മിനിറ്റായിരുന്നു നാല് പഞ്ചായത്തുകളിലും പ്രതിഷേധം നടന്നത്.