ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം; നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി

എറണാകുളം കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്ന നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. കിഴക്കമ്പലം സ്വദേശികളായ പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവാറ്റുപുഴ സബ് ജയിലിലില്‍ റിമാന്‍ഡിലാണ്.

അതേസമയം ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്ന് നടത്തും. പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് പൊതുശ്മശാനത്തില്‍ നടത്തും.

അതേസമയം ദീപു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ട്വന്റി 20. ദീപുവിനെയും വാര്‍ഡ് മെമ്പറേയും സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ട്വന്റി 20 ആരോപിച്ചു.

എന്നാല്‍ ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി ശ്രീനിജിന്‍ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല ഇത്തരത്തിലൊരു സംഭവം കിഴക്കമ്പലത്ത് ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകര്‍ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും ശ്രീനിജിന്‍ പറഞ്ഞു.

ശനിയാഴ്ചയാണ് കിഴക്കമ്പലത്ത് വച്ച് ദീപുവിന് മര്‍ദ്ദനമേറ്റത്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ എം.എല്‍.എ ശ്രീനിജന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ട്വന്റി 20 വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെയാണ് ദീപു മരിച്ചത്.