കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് കാരണം കാണിക്കൽ നോട്ടീസ് അയച്ച ഇഡി നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കത്ത് രൂപേണയാണ് സന്ദീപ് വാര്യർ പരിഹാസമുന്നയിച്ചത്. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ് അയച്ചിട്ടുണ്ടെന്നും കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും കാര്യാക്കണ്ടെന്നും സന്ദീപ് വാര്യർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്‍ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടി.
നോട്ടീസ്
—-
പ്രിയപ്പെട്ട സഖാവേ, സുഖമാണെന്ന് വിശ്വസിക്കുന്നു . ഒരു നോട്ടീസ് അയക്കുന്നു. മോൾക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണിൽ പൊടിയിടാൻ മാത്രം. കാര്യാക്കണ്ട.
സസ്നേഹം സഖാവിൻ്റെ സ്വന്തം ഇ ഡി
കിഫ്ബി മസാലബോണ്ട് ഇടപാടിൽ കാരണം കാണിക്കൽ നോട്ടീസാണ് മുഖ്യമന്ത്രിക്കും മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി അയച്ചിരിക്കുന്നത്. നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.
അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.







