ചരിത്രം കുറിച്ച് ദയാ ഗായത്രി; കോളജ് യൂണിയനില്‍ എത്തുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍

കോളജ് യൂണിയനുകളുടെ ചരിത്രത്തിന്‍റെ ഭാഗമായി ദയാ ഗായത്രിയും എറണാകുളം മഹാരാജാസ് കോളജും. കോളജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് ദയ ഗായത്രി. എസ്എഫ്ഐ പാനലിലായിരുന്നു ദയയുടെ വിജയം. സംസ്ഥാനത്ത് ഏറ്റവുമധികം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസ് കൂടിയാണ് എറണാകുളം മഹാരാജാസ്.

ഒന്‍പത് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും അവരില്‍ നിന്ന് പ്രതിനിധി വേണമെന്ന ആവശ്യത്തെ തുടര്‍ന്നായിരുന്നു എസ്എഫ്ഐയുടെ ചരിത്രപരമായ തീരുമാനം.

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെന്‍ഡര്‍ ഫ്രണ്ട് ലി ശുചിമുറികള്‍ പ്രഥമ പരിഗണന നല്‍കി മഹാരാജാസ് കോളജ് യൂണിയൻ ഇതിനോടകം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.Image may contain: 4 people, people smiling, people standing and indoor

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നതു വഴി കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്നും പഠിക്കാനുളള സാഹചര്യം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ദയ ഗായത്രി പറയുന്നു.

പഠനത്തിനൊപ്പം മികച്ച അഭിനേതാവ് കൂടിയാണ് ദയ. കോളജ് ഓഡിറ്റോറിയങ്ങളിൽ തുടങ്ങി ഇന്ന് പല സംസ്ഥാനങ്ങളിലേയും നാടകവേദികള്‍ ഇതിനോടകം ദയയുടെ അഭിനയ മികവിന് സാക്ഷിയായിട്ടുണ്ട്. ദയക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും തങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നും മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.