44 പ്രതികൾക്കെതിരെ 66.60 കോടി രൂപ പിഴ; സ്വത്തുക്കളും കണ്ടെത്തും, 95 കിലോ സ്വർണം കടത്തിയതായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ വിധിച്ച് കസ്റ്റംസിന്റെ നടപടി. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലാണ് 44 പ്രതികൾക്കെതിരെ 66.60 കോടി രൂപ പിഴ ചുമത്തിയത്. മുൻ നയന്ത്രഉദ്യോഗസ്ഥരടക്കം കേസിൽ പ്രതികളാണ്. ഇവരുടെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഉത്തരവിട്ടു.

സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, റമീസ് എന്നിവർക്ക് ആറ് കോടി രൂപ വീതം പിഴ ചുമത്തി. മുൻ യുഎഇ കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും ആറ് കോടി രൂപ വീതം പിഴയിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍. സെക്രട്ടറി എം.ശിവശങ്കറിന് അൻപത് ലക്ഷം രൂപ പിഴ വിധിച്ചു. സ്വർണം കടത്തിയ കേസിൽ ശിവശങ്കറും പങ്കാളിയെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

2020 ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സില്‍നിന്ന് 14.82 കോടിരൂപയുടെ30.245 കിലോ സ്വര്‍ണം പിടിച്ച കേസിലാണ് കസ്റ്റംസ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. നയന്ത്ര ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ ഓഫീസുമടക്കം പ്രതിസ്ഥാനത്ത് വന്ന കേസ് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്.