പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനം; തൃണമൂലിനെ ഘടകകക്ഷിയാക്കില്ല, അസോസിയേറ്റ് പാര്‍ട്ടിയായി ഉള്‍പ്പെടുത്തും

പിവി അന്‍വറിനെ യുഡിഎഫ് മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്‍വറിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയായി മുന്നണിയിലെടുക്കാന്‍ നേതൃത്വം വിസമ്മതിച്ചിരുന്നു.

കഴിഞ്ഞ ദിവസം പിവി അന്‍വറിനെ മുന്നണിയിലെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് എങ്ങനെ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയായി അംഗീകരിക്കാനാകില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് പിവി അന്‍വറിന് ഒറ്റയ്ക്ക് മുന്നണിയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് അറിയിച്ച് തൃണമൂലിന്റെ കേരളഘടകം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡ് അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും.

ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടി. എന്നാല്‍ മുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടി ആയിരിക്കില്ല അസോസിയേറ്റ് പാര്‍ട്ടി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയത്.

പിവി അന്‍വറുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കാനാണ് യോഗത്തിലെ തീരുമാനം. ക്ഷണിതാവ്, അസോസിയേറ്റ് പാര്‍ട്ടി എന്നീ രണ്ട് നിലയിലാണ് യുഡിഎഫില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ കെകെ രമ എംഎല്‍എയുടെ ആര്‍എംപി മാത്രമാണ് യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടി.

Read more