കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം രൂക്ഷം; കെ.വി തോമസിന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന് പിന്നാലെ സൈബറിടങ്ങളില്‍ കെ വി തോമസിന് എതിരെ വിമര്‍ശനവും ആക്ഷേപവും രൂക്ഷമായി. ഇതിന് പിന്നാലെ കെ വി തോമസിന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായിരിക്കുകയാണ്.

രാവിലെ ഉമ തോമസിന്റെ മുന്നേറ്റം തുടങ്ങിയപ്പോള്‍ മുതല്‍ കെ വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ കെ വി തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചു.

അദ്ദേഹത്തിന്റെ വീടിന് മുന്നിലും പ്രവര്‍ത്തകരുടെ കൂട്ടം ആഹ്ലാദ പ്രകടനവുമായി ഒത്തുകൂടിയിരുന്നു. പടക്കം പൊട്ടിച്ചും നഗരത്തില്‍ വഴിയിലൂടെ വരുന്നവര്‍ക്ക് സൗജന്യമായി തിരുത മീന്‍ നല്‍കിയുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.

തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കെ.വി. തോമസ് യുഡിഎഫ് വിട്ടത്. പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും എല്‍ഡിഎഫിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.