തിരഞ്ഞെടുപ്പ് ഫലം തിരിഞ്ഞുകുത്തിയപ്പോള്‍ പരാജയകാരണം കണ്ടെത്തിയ സി.പി.എം സ്വയം വെട്ടിലാകുന്നത് ഇങ്ങനെയാണ്

ആതിര അഗസ്റ്റിൻ

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരാജയകാരണം സി.പി  എം ഇനിയും അവലോകനം ചെയ്ത് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്. 44 സീറ്റുകളില്‍ 22- ഉം എല്‍.ഡി.എഫ് നേടിയപ്പോള്‍ 17 എണ്ണം യു.ഡി.എഫിനും ബി.ജെ.പിക്ക് അഞ്ചും സീറ്റ് മാത്രമാണ് ലഭിച്ചത്. അപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റുകളില്‍ 7 എണ്ണം യു.ഡി.എഫ് തിരിച്ചു പിടിച്ചു എന്നതാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസത്തില്‍ നേരത്തെയുള്ള സ്ഥാനാര്‍ത്ഥി  നിര്‍ണയവും പിന്നീടുള്ള പ്രചാരണവും ഒക്കെ നിലനില്‍ക്കെ തോല്‍വിയുടെ കാരണം ആരാഞ്ഞ് ഇപ്പോഴും പാർട്ടി സമിതികൾ വിളിച്ചുകൂട്ടി സമയം കളഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടി കാണാത്ത കാരണങ്ങള്‍ ഒട്ടേറെയില്ലേ. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട് ആദ്യം പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത്. പരാജയകാരണം ശബരിമല അല്ല. അങ്ങനെയെങ്കില്‍ അത് ഏറ്റവും ഗുണം ചെയ്യുക ബി.ജെ.പിക്കായിരിക്കില്ലേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  പിന്നീട് സ്ഥിരംപല്ലവി പാടി അദ്ദേഹം നിര്‍ത്തി,  തോല്‍വിയെ കുറിച്ച് വിശദമായി പഠിക്കുമെന്ന്.

പിന്നീടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒറ്റക്കെട്ടായി തന്നെ ശബ്ദമുയരുന്നത് ശബരിമല കാരണമായി എന്ന്. ഒടുവില്‍ സെക്രട്ടേറിയറ്റ് യോഗങ്ങളും കൊടുമ്പിരി കൊള്ളുന്ന ചര്‍ച്ചകളും. അവസാനം കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു, ശബരിമല പരാജയകാരണമായി.

ഇനി ശബരിമലയില്‍ പാര്‍ട്ടി താണ്ടിയ കാനനപാതയിലേക്ക് എത്താം. ശബരിമലയിലെ യുവതീപ്രവേശനത്തിന് വേണ്ടി ശക്തമായ സമരമാണ് പിണറായി സര്‍ക്കാര്‍ ആഹ്വാനം ചെയ്തത്. പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗം പാര്‍ട്ടി അണികളില്‍ ചെറുതല്ലാത്ത രോമാഞ്ചം ഉണ്ടാക്കി. മഴയത്ത് കുടപിടിച്ച് നവോത്ഥാനത്തെ കുറിച്ചും ചരിത്രനായകന്‍മാരെ കുറിച്ചുമുള്ള പ്രസംഗം കേട്ടവരൊക്കെ വോട്ടുബാങ്കിലേക്ക് എത്താതിരുന്നതിന്റെ കാരണം കേവലം ഒരു വിഷയത്തില്‍ മാത്രം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ നിങ്ങളോ നിങ്ങളില്‍ തന്നെയുള്ളവരോ  തന്നെയാണെന്ന് പറയേണ്ടി വരും. തോല്‍വി കണ്ടെത്താന്‍ ഇത്രയധികം പഠനങ്ങളൊന്നും ആവശ്യമില്ല. സാധാരണ മനുഷ്യന്റെ കുഞ്ഞുതലച്ചോറില്‍ വിരിയുന്ന പൊടിയോളം പോന്ന സംശയങ്ങള്‍ മാത്രം മതിയാകും. ഇത്രയേറെ കോലാഹലങ്ങള്‍ നടന്ന റാന്നിയില്‍ ഈയിടെ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് വെറും 9 വോട്ടുകളാണ്. 38 വോട്ടിന് എല്‍.ഡി.എഫ് സ്വതന്ത്രൻ ഇവിടെ ജയിക്കുന്നു. എവിടെയാണ് ഈ പറഞ്ഞ കണക്കില്‍ നിങ്ങള്‍ പറഞ്ഞ ശബരിമല ജനങ്ങളെ സ്വാധീനിച്ചത്. ശബരിമല വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി എന്നുള്ള നിലപാട് ഒരു പരിധി വരെ അംഗീകരിക്കാം. ഇതു കാരണം കുറെയധികം വോട്ടുകള്‍ നഷ്ടമായിട്ടുണ്ടാകുമായിരിക്കും. പക്ഷേ, ചരിത്രത്തിലാദ്യമായി ഇത്രയധികം ഭൂരിപക്ഷത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ തോൽക്കുന്നതിന്റെ കാരണം കേവലം ശബരിമലയുടെ കള്ളിയിൽ മാത്രം ഒതുക്കുന്നതിൽപരം ചരിത്രപരമായ മണ്ടത്തരം വേറെയുണ്ടോ.

സി.പി.എമ്മിലെ നേതാക്കളെ സംബന്ധിച്ചടത്തോളം നേരത്തെ തന്നെയുണ്ടായിരുന്ന ആക്ഷേപമാണ് ധാര്‍ഷ്ട്യം, അഹങ്കാരം, ധിക്കാരം എന്നിവ. സമീപകാലത്തുണ്ടായ ഓരോ സംഭവങ്ങളും അതിനോട് ചേര്‍ത്ത് വെയ്ക്കാവുന്ന ഉത്തമമായ ഉദാഹരണങ്ങളുമാണ്. ഈ പറഞ്ഞ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേര്‍ന്ന സംഭവത്തിന്റെ അവസാനത്തെ ഉദാഹരണം എത്തി നില്‍ക്കുന്നതാകട്ടെ എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനനിലും. അദ്ദേഹം പിന്തുടര്‍ന്ന നടപടിയെ മാത്രം വിമര്‍ശിക്കാന്‍ തുനിഞ്ഞവര്‍ പണ്ടു മുതലേയുള്ള പിണറായിയെ കൂടി ഓര്‍മ്മയിലേക്ക് കൊണ്ടു വരണം. കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി സെക്രട്ടറി പിണറായി,  മുഖ്യമന്ത്രി പദത്തിലേക്ക് വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. അത് അല്‍പ്പമൊക്കെ നികത്താന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെങ്കിലും എപ്പോഴെങ്കിലുമൊക്കെ ഈ ധാര്‍ഷ്ട്യം അറിയാതെ പുറത്തു ചാടും. മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുന്നു എന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം. ആരും ആരെയും കാത്തു നില്‍ക്കാത്ത പുതിയ കാലത്ത്, വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുകയറ്റം ഉള്ള കാലത്ത് ഈ ധാര്‍ഷ്ട്യം കോടാനുകോടി ജനങ്ങള്‍ അപ്പപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതിനെ അപ്പാടെ ഇത് ഞങ്ങളുടെ സ്റ്റൈലാണെന്നുള്ള ന്യായീകരണം കൊണ്ട് വെള്ള പുതപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വിഴുങ്ങാന്‍ മാത്രം തലച്ചോറില്ലാത്തവരായി മലയാളികള്‍ മാറില്ല എന്നത് ഓര്‍മ്മിക്കുന്നില്ല നേതാക്കന്‍മാര്‍. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെയാണ് പല തവണ മുഖ്യമന്ത്രിയും  ഏറ്റവും അടിത്തട്ടിലുള്ള നേതാക്കന്മാരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്ത്രീകളോട് ഇങ്ങനെ കയര്‍ത്തു കൊണ്ടേയിരിക്കുന്നത്.

സംസാരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം വിവിധ ഭാഷയില്‍ പറയാം. ഭാഷയും ശൈലിയും മാറ്റില്ലെന്ന് വാശി പിടിക്കുമ്പോള്‍ അത് പിന്തുടരുന്ന താഴെത്തട്ടിലെ നേതാക്കന്മാരും അണികളും എല്ലാം യഥാര്‍ത്ഥത്തില്‍ ജനമനസില്‍ നിന്ന് അകന്നു കൊണ്ടേയിരിക്കുന്നു. ഈ ധാര്‍ഷ്ട്യത്തിന്റെ ഭാഗമാണ് പി. കെ ശ്യാമളയെ പോലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്ന് ഒരു വിഭാഗം നേതാക്കന്‍മാര്‍ പറയുമ്പോഴും സംരക്ഷണത്തിന്റെ മേലങ്കി അണിയിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ തന്നെ ഉള്‍പ്പാര്‍ട്ടി പോരും പ്രത്യക്ഷമായി പ്രകടമാകുന്നു. കണ്ണൂര്‍ നേതാക്കന്‍മാരെ പാര്‍ട്ടിക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് പലപ്പോഴായി ആക്ഷേപം പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായി തന്നെ നിലനില്‍ക്കുന്നു.

ഉള്‍പ്പാര്‍ട്ടി പ്രശ്‌നം കേവലം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ല. കാരണം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍പ്പോലും തോല്‍ക്കാന്‍ സാധ്യതയില്ലാതിരുന്ന എം. ബി രാജേഷിന്റെ തോല്‍വിയോളം ചേര്‍ത്തു വെയ്ക്കാവുന്ന മറ്റൊരു ഉദാഹരണം ഇല്ല. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായിരുന്നെങ്കിലും എറണാകുളത്ത് പി. രാജീവിന്റെ ദയനീയ തോല്‍വിയും അതിനൊപ്പം നില്‍ക്കുന്നത് തന്നെ. കണ്ണൂരില്‍ വിഭാഗീയതയാണ് എല്ലാ പ്രശ്‌നങ്ങളുടേയും അടിത്തറയെന്ന് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അഭിപ്രായം കാലങ്ങളായി നിലനില്‍ക്കുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശമില്ല.

ഇനി കേന്ദ്രനേതൃത്വത്തിലേക്ക് വരാം. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന നേതൃത്വത്തെ ശാസിക്കാനോ നിലയ്ക്ക് നിര്‍ത്താനോ നടപടിയെടുക്കാനോ ശ്രമിക്കാതെ മൗനത്തിലും ധ്യാനത്തിലും ഇരിക്കുന്ന കേന്ദ്ര നേതൃത്വമാണുള്ളതെന്ന് പറയേണ്ടി വരും. കാരണം,  കേരളം മാത്രമാണ് അംഗബലത്തില്‍ സി.പി.എമ്മിന് ആകെയുള്ളത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ശബ്ദിക്കാന്‍ പോലും കഴിയില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ തലത്തിലുള്ള നേതാക്കന്‍മാരെ ആര്‍ക്കൊക്കെ അറിയാം. പാണക്കാട് കേന്ദ്രീകരിച്ചുള്ള ലീഗിനെയാണ് ഏവര്‍ക്കും ചിരപരിതം. ഇതേ അവസ്ഥയിലേക്ക് തന്നെയാണ് സിപിഎമ്മും പോകുന്നത്. കേരളഘടകവും മുഖ്യമന്ത്രി പിണറായിയും തീരുമാനിക്കുന്ന തരത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അപ്പോള്‍ പിന്നെ നേതാക്കന്‍മാരുടെ മക്കള്‍ ഉള്‍പ്പെട്ട ലൈംഗികാരോപണവും, ധൂര്‍ത്തും, സാമ്പത്തിക ഇടപാടിലെ ക്രമക്കേടും ഒക്കെ എങ്ങനെ ചര്‍ച്ചയാവും. “ഞങ്ങള്‍ ഈ നാട്ടുകാരല്ല, ” എന്നു പറയേണ്ടി വരുന്ന ഗതികേടിലാണ് കേന്ദ്ര നേതൃത്വം.

ഗുണ്ടായിസവും അക്രമവും തുടരുന്ന പാര്‍ട്ടി,  ജനമനസില്‍ അതികഠിനമായ മുറിവുകളാണ് ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. സി. ഒ. ടി നസീർ വധവും ഷംസീറിന്റെ ഇടപെടലും പെരിയ ഇരട്ട കൊലപാതകവും ഒക്കെ അത്രക്കും ആഴത്തില്‍ പാര്‍ട്ടിയെ ബാധിച്ചു. ഇത് ഏറ്റവും അവസാനത്തേതാണെന്ന് ഓര്‍മ്മിക്കണം. പാര്‍ട്ടി കൊലപാതകങ്ങളെ ടി. പി വധത്തിന് മുമ്പും ശേഷവും എന്ന് തന്നെ വിഭജിച്ച് വിശദീകരിക്കേണ്ട അവസ്ഥ വന്നു. എല്ലാ അക്രമങ്ങളുടേയും പിന്നാമ്പുറ കഥകള്‍ തേടിപ്പോകുമ്പോള്‍ എത്തി നില്‍ക്കുന്നതാകട്ടെ കണ്ണൂരിലെ നേതാക്കന്‍മാരിലും. അവിടെയും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞതുപോലെ ബിംബവത്കരണം നടക്കുന്നു. പറഞ്ഞു പറഞ്ഞുണ്ടാക്കുന്ന ഇത്തരം ബിംബങ്ങളല്ലാം തകര്‍ന്നു കൊണ്ടിരിക്കുന്നുവെന്നതാണ് യഥാര്‍ത്ഥ കാരണം.

ഇതൊക്കെ കാരണങ്ങളാകുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനവും നിങ്ങളുടെ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറയാന്‍,  ചേര്‍ത്തു നിര്‍ത്താന്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞ പാര്‍ട്ടിക്ക് കഴിയാതെ പോയി എന്ന് ഏറ്റവും ചുരുക്കി ലളിതമായി പറയാം. നിങ്ങള്‍ നേതാക്കന്‍മാര്‍ക്കരികില്‍ വരുന്ന (അതിപ്പോ ഏരിയാ കമ്മിറ്റി മുതല്‍ മുകളിലേക്ക്) സാധാരണക്കാരനെ എങ്ങനെയാണ് സ്വീകരിക്കുക. ജീവിത പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും ചിലപ്പോ ജീവന്‍ തന്നെ വെടിയുമെന്ന സാഹചര്യത്തിലുമൊക്കെയാകും അവര്‍ നിങ്ങള്‍ക്കരികിലേക്ക് ഓടിയെത്തുന്നത്. അപ്പോഴുള്ള സമീപനത്തില്‍ മാറ്റം വരുത്തേണ്ടതാണെന്ന പുനര്‍വിചിന്തനത്തിന് പോലും ഇടനല്‍കാതെ ഞങ്ങളിങ്ങനെയാണ്, വേണമെങ്കില്‍ അംഗീകരിക്കൂ എന്ന ധാര്‍ഷ്ട്യം എത്തിക്കുന്നത് വലിയ ആപത്തിലേക്കാണെന്ന് പറയാതിരിക്കാന്‍ വയ്യ. ജനമനസ് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന പാര്‍ട്ടി വിലയിരുത്തലിന് അതുകൊണ്ട് തന്നെ എഴുന്നേറ്റ് നിന്ന് കൈയടിക്കാവുന്നതാണ്. പക്ഷേ, അപ്പോഴും ശരിക്കുള്ള ജനമനസ് ശബരിമലയല്ല എന്ന് തിരിച്ചറിയുന്നില്ലെന്നുള്ളതാണ് വാസ്തവം. അങ്ങനെയൊരു പുകമറ സൃഷ്ടിച്ച്,  ഈ പറഞ്ഞ പ്രശ്‌നങ്ങളെ കാണാതിരിക്കുമ്പോഴാണ് യഥാർത്ഥത്തിൽ  പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നത്. നിങ്ങൾക്ക് കേരളത്തിന്റെ മനസ്സിൽ വലിയൊരു സ്ഥാനമുണ്ടെന്നെങ്കിലും വിലയിരുത്തൂ, അത് ശബരിമല എന്ന വിഷയത്തിൽ മാത്രം തട്ടി ഒലിച്ചു പോകുന്ന ഒന്നല്ല. പക്ഷെ,  അത് തിരിച്ചറിയാനുള്ള വിവേകമാണ് നേതാക്കന്മാർക്ക് ഉണ്ടാകേണ്ടത്.