ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് സിപിഎമ്മിന് ശീലം; ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നത് കെപിസിസി പ്രസിഡന്റെന്ന് മുഖ്യമന്ത്രി

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് പിന്നാലെ ആര്‍എസ്എസ്-സിപിഎം ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടത്തിലേക്ക് സിപിഎം എത്തിയിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും തന്നെ മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ ബന്ധമുണ്ടെന്നും പിണറായി ആരോപിച്ചു.

Read more

ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് സിപിഎമ്മിന് ശീലമുള്ളത്. ആര്‍എസ്എസിനോടുള്ള നിലപാടില്‍ സിപിഎം ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.