'എംവി ഗോവിന്ദന്‍ നേരിട്ട് ഹാജരാകണം'; ബിജെപി നേതാവിനെതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കോടതിയില്‍ നിന്നും തിരിച്ചടി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നല്‍കിയ അപകീര്‍ത്തി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തിരിച്ചടി. അഡ്വ. ബി.ഗോപാലകൃഷ്ണനാണ് എം.വി.ഗോവിന്ദനെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. എംവി ഗോവിന്ദന്‍ ജൂലൈ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തില്‍ എം.വി. ഗോവിന്ദന് കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ബി.ഗോപാലകൃഷ്ണന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമായിരുന്നു ഗോവിന്ദന്റെ അപകീത്തികരമായ പരാമര്‍ശം. ഇതിനെതിരെയാണ് ഗോപാലകൃഷ്ണന്‍ നിയമനടപടി സ്വീകരിച്ചത്. ഗോവിന്ദന്‍ പരസ്യമായി മാപ്പ് പറയുന്നത് വരെ കേസുമായി മുന്നോട്ട് പോകുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.