ഹാഷ്മി താജ് ഇബ്രാഹിം നേരിട്ട് ഹാജരാകണം; 24ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍; സിപിഎം നേതാവിന്റെ പരാതിയില്‍ കോടതി നടപടി; ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം

ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതിഥിയെ അപമാനിച്ചതില്‍ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടിയുമായി കോടതി. സിപിഎമ്മിന്റെ യുവ നേതാവ് കെഎസ് അരുണ്‍കുമാര്‍ നല്‍കിയ പരാതിയില്‍ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെതിതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി എടുത്തിരിക്കുന്നത്. ഹാഷ്മി താജ് ഇബ്രാഹിം ഈ മാസം 30ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറിപ്പ് അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് പി കെ വര്‍ഗീസ് മുഖേനെ അരുണ്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ചാനല്‍ അവതാരകന്‍ ഒരു അതിഥിയെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചതിന് കോടതി തന്നെ കേസ് എടുത്ത് വിചാരണ നടപടികള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. ഹാഷ്മി ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെയെന്നും. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും കേസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍കുമാര്‍ പറഞ്ഞു.. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കുമെന്നും അദേഹം പറഞ്ഞു.

കെഎസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ഒരു വര്‍ഷമായി ഒരു നിയമ പോരാട്ടത്തില്‍ ആയിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ചാനലായ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ശ്രീ ഹാഷ്മി താജ് ഇബ്രാഹിമിനെതിരായിരുന്നു എന്റെ നിയമപോരാട്ടം. ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തി അപമാനിക്കുക, എന്തു തോന്നിവാസവും പറയുക, വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് തൊഴിലാക്കി മാറ്റിയ ചില അവതാരകര്‍ ഉണ്ട്.

ചാനലില്‍ ക്ഷണിച്ചു വരുത്തുന്ന അതിഥികളെ പൊതുസമൂഹത്തില്‍ ആകമാനം അപമാനിച്ചതിനുശേഷം അര്‍ദ്ധരാത്രി മെസ്സേജ് അയച്ച് ഖേദം പ്രകടിപ്പിക്കും ഇവര്‍. ഇവരുടെ അഹങ്കാരത്തിന് ഇരയാകുന്ന സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നേഇല്ല.

നിയമ നടപടിയിലേക്ക് കടന്ന് അഭിഭാഷക നോട്ടീസ് അയച്ചപ്പോള്‍ അതിന് മറുപടി നല്‍കാതിരിക്കുക. നിയമവ്യവസ്ഥയെ അംഗീകരിക്കാതെ ഇവര്‍ തന്നെയാണ് യഥാര്‍ത്ഥ ‘ജഡ്ജിമാര്‍’ എന്ന് സ്വയം കരുതി പെരുമാറുന്നത് കൊണ്ടാകാം ഇവരോക്കെ ഇങ്ങനെ.

May be an illustration of ticket stub and text

ഇത്തരത്തിലുള്ള അധമ മാധ്യമപ്രവര്‍ത്തനത്തിനെതിരായിട്ടാണ് ബഹുമാനപ്പെട്ട കാക്കനാട് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പ്രൈവറ്റ് കമ്പ്‌ലൈന്റ് ഫയല്‍ ചെയ്ത് നിയമനടപടികള്‍ക്ക് നേതൃത്വം കൊടുത്തത്. ഇപ്പോഴിതാ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഒരു ചാനല്‍ അവതാരകന്‍ ഒരു അതിഥിയെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചതിന് കോടതി തന്നെ കേസ് എടുത്ത് വിചാരണ
നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഈ കേസിലെ പ്രതിയോട് ജനുവരി മാസം മുപ്പതാം തീയതി കോടതിയില്‍ ഹാജരാക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളത്തെ പ്രധാന അഭിഭാഷക ഓഫീസായ അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറിപ്പ് അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് പി കെ വര്‍ഗീസ് ആണ് എനിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

എതിരാളി ശക്തനാണെന്ന് അറിയാം. വിവിധ രൂപത്തിലുള്ള ആക്രമണം ഉണ്ടാകും എന്നും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെ. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമമാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കും.എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും വേണം.

അഡ്വ. കെ. എസ് അരുണ്‍ കുമാര്‍