സിപിഐഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിൻ്റെ പലതും പുറത്തുവരുമെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപിക്കാർക്ക് കാളയുമായി രാജീവ് ചന്ദ്രശേഖരിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തേണ്ടി വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു. സിപിഎം അധികം അഹങ്കരിക്കേണ്ടെന്നും ചിലത് വരാനുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കാത്തിരിക്കൂ എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവർത്തകനെതിയര നടപടിയെടുത്തു. മറ്റൊരു പാർട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങൾ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകൾ പറയുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് വി ഡി സതീശൻ പറഞ്ഞു. സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി സതീശൻ ആരോപിച്ചു.







