ഒടുവില്‍ പിഎം ശ്രീയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഎം; മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തില്‍ ചര്‍ച്ച നടത്താത്തത് വീഴ്ചയെന്ന് എം വി ഗോവിന്ദന്‍

പിഎം ശ്രീ പദ്ധതിയില്‍ ചര്‍ച്ചയില്ലാതെ ഒപ്പിട്ടതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മന്ത്രിസഭ പൂര്‍ണമായ അര്‍ഥത്തില്‍ ചര്‍ച്ച നടത്താത്തത് വീഴ്ചയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തിനു കത്തയക്കുന്ന കാര്യത്തില്‍ മന്ത്രിസഭ മറുപടി പറയട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് എഐവൈഎഫ് ഉള്‍പ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്ന് എംവി ഗോവന്ദന്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അര്‍ഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. പദ്ധതി ഒപ്പിടുന്നതിനു മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം വീണ്ടും ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം കൈവരിക്കുമെന്നും എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി.