കാവിലമ്മയുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചട്ടലംഘനത്തില്‍ പരാതിയുമായി സിപിഎം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റമുണ്ടാക്കിയതിന്റെ ആവേശത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞയില്‍ ചട്ടലംഘനമുണ്ടായെന്ന് ആരോപിച്ച് പരാതിയുമായി എല്‍ഡിഎഫ്. ബിജെപി മാത്രമല്ല ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് സിപിഎം പരാതി നല്‍കിയത്. കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എതിരെ സത്യവാചകം ചൊല്ലിയതിലുള്ള ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.

20 കൗണ്‍സിലര്‍മാര്‍ക്ക് എതിരായ പരാതി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. കാവിലമ്മ, ബലിദാനികള്‍ തുടങ്ങിയവരുടെ പേരില്‍ സത്യവാചകം ചൊല്ലി എന്നാണ് പരാതി. ഇത് നിയമവ്യവസ്ഥകളുടെ ബോധപൂര്‍വ്വമായ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപി വി വി രാജേഷിന് പ്രഖ്യാപിച്ച ദിവസം തന്നെയാണ് സിപിഎമ്മിന്റെ പരാതിയും ചര്‍ച്ചയാകുന്നത്.

Read more

ആര്‍. ശ്രീലേഖ, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് മേയര്‍സ്ഥാനത്തേക്ക് അവസാന നിമിഷങ്ങളില്‍ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍, ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. ഇതിനിടെ, ബിജെപി സംസ്ഥാന നേതൃത്വം ആര്‍. ശ്രീലേഖയുമായി ചര്‍ച്ച നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവരാണ് ശ്രീലേഖയുമായി ചര്‍ച്ച നടത്തിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും ശ്രീലേഖയെ പരിഗണിച്ചില്ല. പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ഒരു സീറ്റില്‍ ശ്രീലേഖയെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുത്തത്.