കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ശബരിമല സ്വര്ണക്കൊള്ളയില് എ പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു രാജു എബ്രഹാം. എസ്ഐടി അന്വേഷണത്തിൽ ഇടപെടുന്ന പ്രശ്നം ഇല്ലെന്നും ഒരാളെയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ല എന്നും രാജു എബ്രഹാം പറഞ്ഞു.
വിശദാംശങ്ങൾ വന്നതിനുശേഷം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം തീരുമാനിക്കുമെന്നും മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാനാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും രാജു എബ്രഹാം പറഞ്ഞു. ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളതെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
കട്ടിളപ്പാളിക്കേസിലാണ് പദ്മകുമാറിന്റെ അറസ്റ്റ്. കേസിൽ എട്ടാംപ്രതിയാണ് പദ്മകുമാർ. 2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിരുന്നു.
ഇതിന് പിന്നാലെ ഇന്ന് ചോദ്യചെയ്യലിനായി പദ്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായിരുന്നു. ഏറെനേരത്തെ ചോദ്യചെയ്യലിന് ശേഷമാണ് പദ്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് പദ്മകുമാറിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സിപിഎം ജില്ലാ കമ്മറ്റി അംഗവും മുൻ എംഎൽഎയുമാണ് എ പദ്മകുമാർ.







