ഗവര്‍ണര്‍ പദവിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല; ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് യോഗ്യനല്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ.
തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിരന്തരമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. ‘സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണ്’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളയും.

കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളിലേക്ക് ആര്‍എസ്എസ് നോമിനികളെ നാമനിര്‍ദ്ദേശം ചെയ്തും സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്തും ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നേരിടുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യപരമായ അവകാശമുണ്ടെങ്കിലും ഈ പ്രതിഷേധങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്താനുമാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

Read more

ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തന്നെ ഇതിലൂടെ തെളിയിച്ചുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.-