സംസ്ഥാനത്ത് 45 വയസ്സിൽ താഴെയുള്ളവരിൽ കോവിഡ് പരിശോധന വർധിപ്പിക്കും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ്. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും വാക്സിൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം.

ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.