സംസ്ഥാനത്ത് ആദ്യമായി പോക്സോ കേസിൽ വിചാരണ നടത്താതെ പ്രതിയെ വിട്ടയച്ച് കോടതി. ബസ് കണ്ടക്ടർക്കെതിരായ പോക്സോ കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതിയുടെ വിചിത്ര നടപടി. വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി.
2024 ജൂലൈ 4ന് ആയിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനി ബസിൽ കയറിയപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചെന്നാണ് കേസ്. കോടതിയിൽ കേസെത്തിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി നൽകി. ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി.
Read more
വിചാരണ ആവശ്യപ്പെട്ടു മേൽക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം. കേരളത്തിൽ ആദ്യമായാണ് പോക്സോ കേസിൽ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.







