അത്താഴത്തിന് പിന്നാലെ ചുമയും ശ്വാസതടസവും; 84കാരിയുടെ ശ്വാസകോശത്തില്‍ എല്ലിന്‍ കഷ്ണം

എറണാകുളത്ത് അത്താഴത്തിന് പിന്നാലെ ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 84കാരിയുടെ ശ്വാസകോശത്തില്‍ നിന്ന് ഇറച്ചിയുടെ എല്ല് കണ്ടെത്തി. കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ഇറച്ചിയുടെ എല്ല് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് വയോധിക അത്താഴം കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
എക്‌സറേയിലും സിടി സ്‌കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തില്‍ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്. വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂര്‍ണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ലുണ്ടായിരുന്നത്.

ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്നാണ് ഡോ.ടിങ്കു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്.