തെറ്റ് തിരുത്തി കെ.എസ്.ആര്‍.ടി.സി, രേഷ്മയുടെ കണ്‍സെഷന്‍ വീട്ടിലെത്തിച്ച് നല്‍കി

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി. ബിരുദ വിദ്യാര്‍ഥിയായ രേഷ്മയുടെ പുതുക്കിയ കണ്‍സെഷന്‍ ടിക്കറ്റ് കെഎസ്ആര്‍ടിസി വീട്ടിലെത്തിച്ചു നല്‍കി. ഇതിനായി കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ഥിയാണെന്നു തെളിയിക്കേണ്ട മറ്റ് രേഖകളൊന്നും രേഷ്മയ്ക്ക് നല്‍കേണ്ടി വന്നില്ല.

ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്.

നിലവില്‍ കേസിലെ പ്രതികളായ അഞ്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സസ്‌പെന്‍ഷനിലാണ്. ആക്രമണം നടന്ന് ഇന്നേക്ക് പത്ത് ദിവങ്ങളാകുമ്പോഴും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Read more

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ മര്‍ദ്ദനത്തിനിരയായ പ്രേമനന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ എസ്‌സിഎസ് അതിക്രമ വകുപ്പ് ചുമത്തണമെന്ന് പ്രേമനന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ വിഷയത്തെ ന്യായീകരിച്ച് സിഐടിയു രംഗത്ത് വന്നിരുന്നു.