വിവാദപരാമര്‍ശം; കെ.ടി ജലീലിന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യം, മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതുസംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ എം ബി രാജേഷിന് കത്ത് നല്‍കി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീര്‍ പഠന പര്യടന വേളയില്‍ കെ ടി ജലീല്‍ സമൂഹമാധ്യമത്തിലൂടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയെന്ന് കത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ പരാമര്‍ശം നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും അവമതിപ്പ് ഉണ്ടാക്കി. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് അവ ഫെയ്‌സ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. എന്നാല്‍ ജമ്മു കാശ്മീരിനെ കുറിച്ച് ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ കെ ടി ജലീല്‍ തയ്യാറായിട്ടില്ല.

ഇത് വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം അഭിഭാഷകന്‍ ജി എസ് മണി നല്‍കിയ പരാതി ഡല്‍ഹി പൊലീസ് സൈബര്‍ വിഭാഗത്തിന് കൈമാറി. കെ ടി ജലീലിന് തെിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.