പൊലീസ് തലപ്പത്തെ അഴിച്ചുപണി കുതന്ത്രം; നടിയെ ആക്രമിച്ച കേസില്‍ രവീന്ദ്രന്റെ സത്യാഗ്രഹ വേദിയില്‍ ഉമാ തോമസ്‌

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രന്‍ നടത്തുന്ന സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അന്തരിച്ച എം.എല്‍.എ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. ഏകദിന ഉപവാസ സമരം നടക്കുന്ന എറണാകുളം ഗാന്ധി സ്‌ക്വയറിലെത്തി ഉമാ തോമസ് ഐക്യദാര്‍ഢ്യം അറിയിച്ചു. ഫ്രണ്ട്സ് ഒഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ ആഭിമുഖ്യത്തിലാണ് സത്യാഗ്രഹം.

പൊലീസ് തലപ്പത്തെ അഴിച്ചുപണി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയമുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ പൊലീസുമായി ബന്ധപ്പെടുത്തിയ ശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തിയ പിടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പൊലീസ് പല തവണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി.ടി. ഉണ്ടായിരുന്നെങ്കില്‍ ഈ നടപടിക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തില്‍ അക്കാര്യം തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്ന് ഉമ തോമസ് പറഞ്ഞു. രവിലെ 9.30 ന് ഗാന്ധിസ്‌ക്വയറില്‍ ആരംഭിച്ച സത്യാഗ്രഹം അഡ്വ എ ജയശങ്കറാണ് ഉദ്ഘാടനം ചെയ്തത്. അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.