വധഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സായ് ശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാമെന്ന് സായ് ശങ്കര്‍ അറിയിച്ചു.

ദിലീപിന്റെ അഭിഭാഷകന് എതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് തന്നെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ പേരില്‍ പൊലീസ് തന്നെയും കുടുബത്തെയും ഉപദ്രവിക്കുകയാണ് എന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടിസ് നല്‍കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Read more

നേരത്തെ വധഗൂഢാലോചന കേസില്‍ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. വിചാരണ വേളയില്‍ സാക്ഷികള്‍ ഉള്‍പ്പടെ കൂറുമാറുന്ന സംഭവങ്ങള്‍ ഉണ്ടായതോടെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.