വധഗൂഢാലോചന കേസ്; മുന്‍കൂര്‍ ജാമ്യം തേടി സായ് ശങ്കര്‍ ഹൈക്കോടതിയില്‍

വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഐടി വിദഗ്ധന്‍ സായ് ശങ്കര്‍. ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് തന്നെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും പൊലീസ് ഉപദ്രവിക്കുന്നുവെന്നും സായ് പറയുന്നു.

കേസില്‍ ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിക്കാന്‍ സഹായിച്ച സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. പ്രത്യുപകാരമായി എത്ര രൂപ കിട്ടിയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതിനിടെ സായ് ശങ്കര്‍ താമസിച്ച ഹോട്ടല്‍ ബില്ല് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 12500 രൂപ ദിവസ വാടകയുള്ള ഹോട്ടലിലാണ് സായ് താമസിച്ചിരുന്നത്. ഇയാള്‍ ഉച്ച ഭക്ഷണത്തിനായി മാത്രം 1700 രൂപ മുടക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കേസില്‍ ദിലീപിന്റെ ഫോണ്‍ കോടതിക്ക് കൈമാറുന്നതിന് മുന്നോടിയായി തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണ്‍ സായ് ശങ്കറിന്റെ ഐ മാകില്‍ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഭാര്യയുടെ ഐഡി ഉപയോഗിച്ചാണ് തെളിവുകള്‍ നീക്കം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഭാര്യയെ ചോദ്യം ചെയ്തത്.

ചില നിര്‍ണായക വിവരങ്ങള്‍ സായ് ശങ്കറിന്റെ സിസ്റ്റത്തില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പരിശോധനയില്‍ ഐപാട്, മൊബൈല്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.