കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ നടത്തില്ല, ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കും: പ്രഖ്യാപനവുമായി കെ. സുധാകരന്‍

കോണ്‍ഗ്രസ് ഇനി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ഹര്‍ത്താല്‍ എന്ന സമര മുറക്ക് കോണ്‍ഗ്രസ് എതിരാണ്. ഞാന്‍ അദ്ധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ല. ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്. ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചത്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്.

നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ അമിത നികുതി അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ധനപ്രതിസന്ധി മറച്ചുവെക്കുകയും അതേ പ്രതിസന്ധിയുടെ പേരില്‍ ഇടത് സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണ്. അശാസത്രീയ നികുതി വര്‍ധനവാണ് നടപ്പാക്കിയത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സര്‍ക്കാറിന്റെ നികുതിക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് അദേഹം അറിയിച്ചു.