നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി രമേശ് ചെന്നിത്തല. ഇക്കുറി 91 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. സ്ഥാനാർത്ഥി പട്ടിക മറ്റന്നാൾ പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.
27 സീറ്റുകള്‍ മുസ്ലിം ലീഗിന് നല്‍കി. കേരള കോണ്‍ഗ്രസ് ജോസഫിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്. ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍- മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍. എന്‍സിപിക്ക് രണ്ട് സീറ്റ്- എലത്തൂര്‍, പാല. ജനതാദള്‍- മലമ്പുഴ. സിഎംപി- നെന്മാറ. കേരള കോണ്‍ഗ്രസ് ജേക്കബ്- പിറവം വടകര സീറ്റിൽ ആര്‍എംപിയുടെ കെ.കെ.രമ മത്സരിച്ചാൽ അവരെ യുഡിഎഫ് പിന്തുണയ്ക്കും.
എംപിമാര്‍ ആരും തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നേമം അടക്കം പത്ത് സീറ്റുകളിൽ അന്തിമതീരുമാനം ആയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഡൽഹിയിൽ നിന്നുണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Read more
ഒരു മണിക്കൂറോളം നീണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി നേതാക്കൾ അറിയിച്ചത്. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിൽ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ അധ്യക്ഷൻ ദേവരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.







