രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിൽ നേതാക്കൾക്കെതിര സൈബർ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ രാഹുൽ തെറ്റുകാരനാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ കോൺഗ്രസ്. രാഹുൽ നേരിടുന്നത് ഗുരുതര ലൈംഗികാരോപണങ്ങൾ ആണെന്നും ഇരകളിൽ പലരും നേതൃത്വത്തെ നേരിട്ട് സമീപിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്നും വിശദീകരിക്കാനാണ് തീരുമാനം.
നേതാക്കൾക്കെതിരെ രാഹുലും ടീമും സൈബർ ആക്രമണം അഴിച്ചുവിട്ടത് പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തിലിലാണ് നേതൃത്വത്തിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലെ ചില വെളിപ്പെടുത്തലുകൾക്കപ്പുറം പരാതികൾ ഒന്നുമില്ലെന്നായിരുന്നു രാഹുൽ മാങ്കുട്ടത്തിൽ അനുകൂലികളുടെ സൈബറിടങ്ങളിലെ ആക്രോശങ്ങൾ. എന്നാൽ രാഹുലിനെതിരായ നടപടി വെറുതേ എടുത്തതല്ലെന്ന് അണികളോട് വിശദീകരിക്കും. അച്ചടക്കനടപടി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അല്ലെന്ന് നേതൃത്വം തറപ്പിച്ചുപറയുന്നു.
പല ഇരകളും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളോട് രാഹുലിനെതിരെ ഗുരുതരമായ പരാതികൾ ഉന്നയിച്ചവരിൽ 20 നും 60 വയസിനുമിടയിൽ പ്രായമുള്ളവരുണ്ട്. മൗനം വെടിഞ്ഞ് പരാതി പറഞ്ഞവരോട് നിയമനടപടികളുമായി മുന്നോട്ടുപോകാൻ നേതൃത്വം ഉപദേശിച്ചെങ്കിലും പലരും മടിക്കുന്നതായാണ് വിവരം. പരാതികൾ നേതൃത്വത്തിന് വ്യക്‌തമായി അറിയാമെന്നിരിക്കെ പരസ്യമായോ രഹസ്യമായോ രാഹുലിനെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു എന്നും നേതൃത്വം വിശദീകരിക്കും.
Read more
അതിന്റെ ഭാഗമായി ഉണ്ടായതാണ് വിഡി സതീശൻ്റെ പ്രതികരണം എന്നും നേതൃത്വം വ്യക്തമാക്കുന്നു. വിഡി സതീശനെയും നേതൃത്വത്തെയും ഉന്നമിട്ടുള്ള അതിരുകടന്ന സൈബർ ആക്രമണം പാർട്ടിക്ക് ദോഷമായി തുടങ്ങിയെന്നാണ് വിലയിരുത്തൽ. സൈബർ ആക്രമണം സംഘടിതമാണെന്നും നേതൃത്വം വിശ്വസിക്കുന്നു.







