കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം; താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുനഃസംഘടനയില്‍ നിന്ന് പിന്മാറില്ലെന്നാണ് കെപിസിസി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഇന്നലെ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ പുതിയ നേതൃത്വവും എ, ഐ ഗ്രൂപ്പുകളും വ്യത്യസ്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ അന്തരീക്ഷത്തിന് മാറ്റമുണ്ടാക്കുക എന്ന ദൗത്യമാണ് ഹൈക്കമാന്‍ഡിനും താരിഖ് അന്‍വറിനും ഉള്ളത്.

Read more

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍വിലയിരുത്താനും കൂടെയാണ് ഔദ്യോഗികമായി താരിഖ് അന്‍വര്‍ കേരളത്തിലേയ്ക്ക് എത്തിയിരിക്കുന്നത്.