ഐക്യമില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ്; സതീശന്റെ രഹസ്യ സര്‍വ്വേയും 63 മണ്ഡല കണക്കും സുധാകരന്റെ ധാര്‍ഷ്ട്യവും കണ്ട് എഐസിസി അമര്‍ഷത്തില്‍; തലപ്പത്തെ താന്‍പോരിമയില്‍ ഹൈക്കമാന്‍ഡിന് വരെ രോഷം

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരിലും ഭിന്നതയിലും എഐസിസിക്ക് കടുത്ത അസ്വസ്ഥതയും അമര്‍ഷവും. അടുത്ത വര്‍ഷം സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കെപിസിസിയിലെ അന്തര്‍സംഘര്‍ഷവും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള താന്‍പോരിമയും കേന്ദ്രനേതൃത്വത്തിന് അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. നേതൃത്വത്തില്‍ മാറ്റത്തിന് കാഹളം മുഴക്കുന്നുണ്ട്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോള്‍ ധാര്‍ഷ്ട്യവും കാര്‍ക്കശ്യവും അണികളെ ഉലയ്ക്കുന്നുണ്ടെന്നും പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഏകോപനമില്ലായ്മ ഉണ്ടാകുന്നുണ്ടെന്ന വിമര്‍ശനവും ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയരുന്നുണ്ട്.

കെപിസിസി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഒന്നിച്ച് വാര്‍ത്താസമ്മേളനത്തിന് വരെ പ്രത്യക്ഷപ്പെടാനുള്ള സതീശന്റേയും സുധാകരന്റേയും അഭിപ്രായ ഭിന്നതകളും കേന്ദ്രനേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഇരുവരുടേയും തമ്മില്‍തല്ലില്‍ വശംകെട്ടത് എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുന്‍ഷിയാണ്. രണ്ടുപേരുടെ നിലപാടുകളേയും ചോദ്യം ചെയ്ത് പലരും ഇരുകൂട്ടരേയും നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന് വരെ ദീപ ദാസ്മുന്‍ഷിയോട് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതിനെല്ലാം അപ്പുറം രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വി ഡി സതീശന്റെ സര്‍വ്വേ കണക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പുത്തന്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മണ്ഡലങ്ങളില്‍ രഹസ്യസര്‍വേ നടത്തിയെന്ന ആരോപണമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലൂടെ ഉയര്‍ന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വി ഡിസതീശന്‍ പറഞ്ഞ 63 നിയമസഭാ സീറ്റുകളുടെ കാര്യവും കോണ്‍ഗ്രസിന്റെ ജയസാധ്യതയും സൂചിപ്പിച്ചതോടെയാണ് പുത്തന്‍ രഹസ്യ സര്‍വ്വേ ചര്‍ച്ച ഉയര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റില്‍ മാത്രമാണു ജയിച്ചതെന്നും ഇതിന് പുറമേ പുറമേ മറ്റ് 42 സീറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ 63 സീറ്റുകളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്നും പറഞ്ഞാണ് പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ വിജയത്തിനുള്ള കണക്കുകള്‍ പറഞ്ഞത്. എന്തായാലും എങ്ങനെ കൃത്യമായി കണക്കുകണ്ടെത്തിയെന്ന ചോദ്യം യോഗത്തിലെ ഉണ്ടായി.

തങ്ങളെ അറിയിക്കാതെ സതീശന്‍ സ്വന്തം വഴിയെ സര്‍വ്വേ നടത്തിയോ എന്ന ചോദ്യമാണ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയത്. രഹസ്യസര്‍വേയെക്കുറിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ഉയര്‍ന്നതെ എഐസിസി വിഷയത്തില്‍ ഇടപെട്ട് കാര്യങ്ങള്‍ അന്വേഷിച്ചു തുടങ്ങി. സര്‍വേ നടത്തിയിട്ടില്ലെന്ന് സതീശന്‍ ക്യാമ്പ് വിശദീകരിക്കുകയും കണക്കുകൂട്ടലും അവലോകനവുമാണ് പുറത്തുവന്നതെന്ന രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ സുധാകര പക്ഷവും സതീശന്‍ വിരുദ്ധരും വിഷയം കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വീണ്ടും ഭിന്നത രൂക്ഷമാവുകയാണ്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, അഭിപ്രായവ്യത്യാസം പരിഹരിച്ച് നേതാക്കള്‍ ഒന്നിച്ചുനിന്നേ മതിയാകൂവെന്നാണു ഹൈക്കമാന്‍ഡിന്റെ നിലപാട് ദീപ ദാസ് മുന്‍ഷി എല്ലാവരേയും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു സുധാകരന് പകരക്കാരനായി 6 പേരുകള്‍ നിര്‍ദേശിച്ചുവെന്നും വാര്‍ത്തയുണ്ട്. നേതാക്കളെ കണ്ടും ഭിന്നതയില്‍ അമര്‍ഷം പ്രകടിപ്പിച്ച എഐസിസി ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുന്നതോടെ അടുത്ത നടപടികളും നേതൃമാറ്റവുമെല്ലാം ഉടനറിയാം.