തലമുറ മാറ്റം വേണം, രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി യുവനേതാക്കൾ; പ്രതിസന്ധിയിലായി ഹൈക്കമാന്‍ഡ്

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടരവേ തലമുറ മാറ്റത്തിനായി രാഹുല്‍ ​ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം. വി ഡി സതീശനെ പിന്തുണയ്ക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. തലമുറ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. ചെന്നിത്തലയ്ക്കായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളും സമ്മര്‍​ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.

ഉമ്മന്‍ചാണ്ടിയുടേതടക്കം സമ്മര്‍ദ്ദമുള്ളപ്പോള്‍ ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം. ഘടകകക്ഷികളുടെ പിന്തുണയും രമേശ്‌ ചെന്നിത്തലയ്ക്കാണ് എന്നാണ് നേതാക്കളുടെ അവകാശവാദം.

ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാന്‍ ആവില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. പാര്‍ട്ടി അദ്ധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം നേതൃമാറ്റം വേണമെന്ന നിലപാട് ഹൈക്കമാന്‍ഡിലെ കൂടുതൽ നേതാക്കൾക്ക് ഉണ്ടെന്നാണ് സൂചന. മൂന്നാമതൊരു നേതാവിനെ ഉയർത്തിക്കാട്ടി തർക്കത്തിൽ സമവായമുണ്ടാക്കാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. തർക്കം തുടന്നാൽ എ കെ ആന്റണിയുടെ നിലപാട് നിർണായകമാകും.