പത്മജയ്ക്ക് മാത്രം ഇളവ്; കുറ്റക്കാരാക്കേണ്ടെന്ന് ചെന്നിത്തല, കെ.പി.സി.സി തര്‍ക്കങ്ങള്‍ അയഞ്ഞു

കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ഏകദേശ ധാരണയായി. പൊതു മാനദണ്ഡം അനുസരിച്ച് മുന്‍ ഡിസിസി പ്രസിഡന്റുമാരെ പുനഃസംഘടനാ പട്ടികയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി നേതൃത്വം പൊതു മാനദണ്ഡം നിശ്ചയിച്ചത്. ജംബോ ഭാരവാഹികള്‍ എന്നത് ഒഴിവാക്കി 51 അംഗ ഭാരവാഹി പട്ടിക എന്നതും കെപിസിസിയുടെ തീരുമാനമായിരുന്നു. എംഎല്‍എ, എംപി, അഞ്ചുവര്‍ഷം ഭാരവാഹികളായിരുന്നവര്‍, സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരെ ഒഴിവാക്കി ഭാരവാഹി പട്ടിക തയ്യാറാക്കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ കൊല്ലം ജില്ലാ അദ്ധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയ്ക്ക് ഇളവു നല്‍കാന്‍ നീക്കം നടന്നിരുന്നു. അങ്ങനെയെങ്കില്‍ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് ഒന്നരവര്‍ഷം മാത്രമായ മാറ്റിയ ഡിസിസി പ്രസിഡന്റുമാരായ എം പി വിന്‍സെന്റ്, യു രാജീവന്‍ എന്നിവര്‍ക്കും ഇളവ് ബാധകമെന്നും ചര്‍ച്ച വന്നതോടെയാണ് പ്രഖ്യാപനം വൈകിയത്.

മുന്‍ ഡിസിസി പ്രസിഡന്റായിരുന്നവര്‍ എല്ലാം ഇനി കെപിസിസി പ്രത്യേക ക്ഷണിതാവ് മാത്രമാകും. വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് രമണി പി നായര്‍, മലപ്പുറത്തു നിന്നുള്ള മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്‌ന എന്നിവരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരാക്കും. നേതൃത്വത്തെ വിമര്‍ശിച്ച എ വി ഗോപിനാഥ്, കെ ശിവദാസന്‍ നായര്‍ എന്നിവരെയും ഭാരവാഹികളാക്കും. വി പി സജീന്ദ്രന്‍ കെപിസിസി വൈസ് പ്രസിഡന്റാകും. ജമാല്‍ മണക്കാടന്‍, കെ മോഹന്‍ കുമാര്‍ എന്നിരിലൊരാളെയാണ് ട്രഷററായി പരിഗണിക്കുന്നത്.

Read more

അനില്‍ അക്കര, ആര്യാടന്‍ ഷൗക്കത്ത്, വി ടി ബല്‍റാം, എന്‍ ശക്തന്‍, ജ്യോതി വിജയകുമാര്‍, സുമാ ബാലകൃഷ്ണന്‍, എം എ നസീര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരും കെപിസിസി ഭാരവാഹികളാകും. അതേസമയം കെപിസിസി ഭാരവാഹിപ്പട്ടികയില്‍ തങ്ങളെ കുറ്റക്കാരാക്കേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയോ താനോ സമ്മര്‍ദ്ദം നടത്തിയിട്ടില്ലെന്നും ചോദിച്ചത് പ്രകാരം ലിസ്റ്റ് നല്‍കിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ കലഹങ്ങളും തര്‍ക്കങ്ങളും ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വനിതകള്‍ക്കും ദളിതര്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി അദ്ധ്യക്ഷ പട്ടികയിലുണ്ടായ ചര്‍ച്ച നടത്തിയില്ലെന്ന പരാതിക്ക് ഇത്തവണ പരിഹാരമായിട്ടുണ്ട്. രണ്ടു തവണ ചര്‍ച്ച നടത്തിയെന്നാണ് ചെന്നിത്തലയുടെ മറുപടി.