വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്ന് മറുപടി; കളക്ടർ വ്യക്തത തേടി

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ എസ് പ്രേം കൃഷ്‌ണൻ. തോമസ് ഐസക്ക് സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ മറുപടിയിലാണ് ജില്ലാ കളക്ടർ വിശദീകരണം തേടിയത്. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നെഴുതിയതിനെതിരെയാണ് നടപടി. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയോടും കളക്ടർ വിശദീകരണം തേടി.

തോമസ് ഐസക്കിന്റെ പത്രികയിലെ വിശദീകരണത്തിനെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നെഴുതിയതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് ജില്ലാ കളക്ടർ തോമസ് ഐസക്കിൽ നിന്ന് വിശദീകരണം തേടിയത്. അതേസമയം തോമസ് ഐസക്കിന്റെ പത്രിക അംഗീകരിച്ചു.

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയോടും ജില്ലാ കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്. ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താൻ കളക്ടർ ആവശ്യപ്പെട്ടത്. വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സൂഷ്മ പരിശോധനയ്ക്ക് ശേഷം ആന്റോ ആന്റണിയുടെ പത്രികയും അംഗീകരിച്ചു.

അതേസമയം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ആകെ 10 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. അവസാന ദിവസമായ വ്യാഴാഴ്‌ച മാത്രം ഏഴ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണിക്കും ഇടതുമുന്നണി സ്ഥാനാർഥി ഡോ. തോമസ് ഐസക്കിനും യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആന്റണിക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി ഇന്നലെ സമർപ്പിച്ചിരുന്നു.