ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസ്; വിളവൂര്‍ക്കലില്‍ സി.പി.എമ്മില്‍ കൂട്ടനടപടി

ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസില്‍ കൂട്ടനടപടിയെടുത്ത് സി.പി.എം. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി. താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോക്‌സോകേസ് പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

16 കാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് അടക്കം ആറ് പ്രതികളെയാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ബോയ്‌സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴ് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു എട്ട് അംഗ സംഘത്തിന്റെ രണ്ട് വര്‍ഷത്തോളമായുള്ള പീഡനം. പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ജിനേഷ് മൊബൈലിലും പകര്‍ത്തിയിരുന്നു.

Read more

ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളില്‍ ജിനേഷ് സജീവമായിരുന്നു. വിവാഹിതരായ നിരവധി സ്ത്രികള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്റെ മൊബൈലില്‍നിന്ന് കണ്ടെത്തിയിരുന്നു.